Monday, 9 October 2000

ഓണാഘോഷത്തിന്റെ കാണാപ്പുറങ്ങൾ

പ്രൊഫ. സി. വിജയൻ, ഫിസിക്സ് ഡിപ്പാർട്ടുമെന്റ് 
(ഓണാഘോഷം-2000 ലെ അദ്ധ്യക്ഷപ്രസംഗത്തിൽ നിന്ന് )

ഓണത്തെപ്പറ്റിയുള്ള കഥ നമുക്കെല്ലാം അറിയാം.

പണ്ടു പണ്ട് , ജനങ്ങൾക്കിഷ്ടമായ നല്ലൊരു ഗവണ്മെന്റ് കേരളം നന്നായി ഭരിച്ചുകൊണ്ടിരിക്കുകയായിരുന്നു. കേന്ദ്രഗവണ്മെന്റിന്റെ വാമനനെന്ന ഏജന്റ്റ് അപ്പോളവിടെയെത്തി കുറെ രാഷ്ട്രിയം കളിച്ച് ഒടുവിൽ മഹാബലി ഗവണ്മെന്റിനെ ചതിയിൽ പിരിച്ചുവിട്ടു, നാടു കടത്തി. രാജാവ് കൊല്ലം തോറും ജനങ്ങളെ കാണാനെത്തുന്നു. ഇതാണു കഥ.

എനിക്കെപ്പോഴും തോന്നാറുണ്ട് -- ഈ കഥയിലെന്തൊക്കെയോ കുഴപ്പങ്ങളുണ്ട് ; ഇതൊരു നേരെചൊവ്വേയുള്ള കഥയല്ല ( എന്ജിനീയറുടെ ഭാഷയിൽ പറഞ്ഞാൽ നോണ്‍ലീനിയർ ) എന്നൊക്കെ. ആരാണീ കഥയിലെ വില്ലൻ? മഹാവിഷ്ണുവോ ( ഈശ്വരാ! ശാന്തം, പാപം! ) അതോ നല്ലവനായ മഹാബലിയോ? ശരിക്കും പറഞ്ഞാൽ നമ്മൾ ഇതിലാരുടെ ഭാഗത്താണ് , എന്താണ് നാം ആഘോഷിക്കുന്നത് ? ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങൾ ഓരോ ഓണത്തിനും മനസ്സിൽ ഉയർന്നുവരാറുണ്ട്.

ഇതിനൊരു പരിഹാരം, ഒരുൾക്കാഴ്ച നമുക്ക് പകർന്നു തരുന്നത് ശ്രീമതി സുഗതകുമാരിയുടെ ഒരു കവിതയാണ്. അതനുസരിച്ച്, വാമനനും മഹാബലിയും പാതാളവുമൊക്കെ നമ്മുടെ മനസ്സിൽതന്നെയാണ്.

ആരു ചവിട്ടിതാഴ്ത്തിലും
ഇരുളിൻ പാതാളത്തിലൊളിക്കിലും
ഏതോ പൂർവ്വസ്മരണയിലാഹ്ലാദത്തിൻ ലോകത്തെത്തും ഹൃദയം
ഒരു താരകയെക്കണ്ടാൽ രാവുമറക്കുന്ന പാവം, മാനവഹൃദയം.

ഏതോ പഴയ രാജാവിന്റെ വരവുണ്ടെന്നു കരുതി കഷ്ടപ്പെട്ടു വിഡ്ഢിവേഷം കെട്ടലല്ല ഓണാഘോഷം. നിത്യജീവിതത്തിലെ സംഘർഷങ്ങളൊരുക്കുന്ന ഏതു പാതാളത്തിൽ നിന്നും മനസ്സിനെ രക്ഷിച്ച് ''ആഹ്ലാദത്തിൻ ലോകത്തെത്തി''ക്കാനും വീണ്ടും കർമ്മോന്മുഖമാക്കാനുമുള്ള ചില മന:ശാസ്ത്ര പദ്ധതികളല്ലേ, വാസ്തവത്തിൽ, നമ്മുടെ ആഘോഷങ്ങൾ?

ഈ സന്ദർഭത്തിലാണ് , 'കക്കാടിന്റെ സഫലമീ യാത്ര' യിലെ ഈ വരികൾ ഓർമ്മ വരുന്നത്.

നന്ദി ; തിരുവോണമേ നീ വന്നുവല്ലോ.
വരിക വരുമാണ്ടിലും.
വരിക നീ ഞങ്ങൾക്കു സ്വപ്‌നങ്ങൾ പകരാൻ,
ഒരു തുള്ളി വെളിച്ചമായിരുളിൽ തിളങ്ങാൻ.
നന്ദി ; തിരുവോണമേ.


ബ്ലോഗ്ഗറുടെ കുറിപ്പ് : ഈ പോസ്റ്റിന്റെ തീയതി കൃത്രിമമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആരോഹണ ക്രമം സൂക്ഷിക്കാൻ ഏകദേശം ഒരു തീയതി വച്ചു എന്ന് മാത്രം.