Saturday 6 October 2001

'ആയുരാരോഗ്യ സൌഖ്യ'ത്തിലേക്കുള്ള എളുപ്പവഴി

പ്രൊഫ. സി. വിജയൻ, ഫിസിക്സ് ഡിപ്പാർട്ട്മെന്റ് 
(ഓണാഘോഷം-2001 ലെ അദ്ധ്യക്ഷപ്രസംഗത്തിൽ നിന്ന്)

കേരളകലാസമിതിക്ക് ഒരു വെബ്‌സൈറ്റ് ആവശ്യമാണ്. ഈ പുതിയ മില്ല്യനിയത്തിൽ, അതുകൊണ്ടുള്ള മെച്ചങ്ങൾ പലതാണ്. 

കഴിഞ്ഞ മുപ്പതോളം വർഷങ്ങളിലായി നാം വളരെക്കുറച്ചു ഫോട്ടോകൾ മാത്രമേ സൂക്ഷിച്ചു വെച്ചിട്ടുള്ളു. അത് പോരാ. എല്ലാ ആഘോഷങ്ങളുടെയും ഉൽസാഹത്തിമിർപ്പും നിറമുള്ള ഓർമ്മകളും നമുക്കു സൂക്ഷിക്കണം. ലോകത്തിലെവിടെവെച്ചും ഇടക്കെടുത്തു നോക്കി ആ ധന്യ മുഹൂർത്തങ്ങൾ പുനരുജ്ജീവിപ്പിക്കാൻ കഴിയണം. അതിന്നുള്ള ഫോട്ടോ ആൽബമാണ് വെബ്‌സൈറ്റിലെ  പ്രധാന ഇനം. ഇന്നിവിടെയിരിക്കുന്ന വിദ്യാർഥികൾ നാളെ ലോകത്തിന്റെ പല ഭാഗങ്ങളിൽ വലിയ ഉദ്യോഗസ്ഥരും വ്യവസായപ്രമുഖരും ഒക്കെ ആയിത്തീരുമല്ലൊ. ഈ വെബ്‌സൈറ്റ് കണ്ട് ഓർമ്മകൾ പുതുക്കുന്ന അവസരത്തിൽ, "ഈ വർഷത്തെ ഓണാഘോഷം എന്റെ ചിലവിലാവട്ടെ" എന്ന് തീരുമാനിക്കാൻ അവർക്ക് തോന്നിയേക്കാമെന്ന 'ദുരുദ്ദേശ'വും ഇതിന്റെ പിന്നിലുണ്ട്.

ഈ കാലഘട്ടത്തിലെ മനുഷ്യർ, പലപ്പോഴും പല സംഘർഷങ്ങലിലും പെട്ടുഴലുന്നുണ്ട്. വിഷമങ്ങളും ദേഷ്യവും സംഘർഷങ്ങളുമൊക്കെ നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന ചില സവിശേഷജൈവരാസപദാർഥങ്ങൾ ആണ് നമുക്കുണ്ടാകുന്ന മിക്കവാറും രോഗങ്ങൾക്ക് കാരണമാവുന്നതെന്ന് ആരോഗ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ടല്ലൊ. സന്തോഷവും സ്നേഹവും മനം കുളിർപ്പിക്കുന്ന ഭാവസാന്ദ്രതയും മറ്റും വേറെ ചില രാസവസ്തുക്കളെയാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. ഇവക്ക് കുഴപ്പക്കാരായ രാസ പദാർഥങ്ങൾ നിർവീര്യമാക്കാൻ കഴിവുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ഫലവത്തായ ടോണിക്ക് - ബോണ്‍വിറ്റയോ ച്യവനപ്രാശാമോ അല്ല; മനസ്സിന് സന്തോഷവും ഉത്സാഹവും ഉണർത്തുന്ന സന്ദർഭങ്ങളും അവയെക്കുറിച്ചുള്ള ഓർമ്മകളുമാണ്. അതാണ്‌ കലാസമിതിയുടെയും വെബ്‌സൈറ്റ്ന്റെയും പ്രസക്തി. 

ഈ പശ്ചാത്തലത്തിലാണ് നമ്മുടെ ഇന്നത്തെ മുഖ്യാതിഥി ശ്രീ. ഉണ്ണിമേനോന്റെ  പ്രാധാന്യം. ഒരിക്കൽ കേട്ടാൽ പിന്നെ മറക്കാനാവാത്ത, ഇടക്കിടെ മനസ്സിലേക്ക് ഭാവസാന്ദ്രതയോടെ ഒഴുകി വരുന്ന അദ്ദേഹത്തിന്റെ പാട്ടുകൾ, വിശിഷ്യാ ഭക്തിഗാനങ്ങൾ, ഉത്തമങ്ങളായ ടോണിക്കുകൾ തന്നെയാണ് സംശയമില്ല. അൽപം മുൻപേ 'നാരായണീയ'ത്തിലെ പ്രശസ്തമായ 'ആയുരാരോഗ്യസൌഖ്യം' മധുരമായി ആലപിച്ച് അദ്ദേഹം നമ്മെ പുളകം കൊള്ളിക്കുകയുണ്ടായി. ആ വരികളിൽ വാഴ്‌ത്തിയിട്ടുള്ളതും, ആരോഗ്യപരിപാലനത്തിൽ ഭക്തിക്കുള്ള കഴിവിനെപ്പറ്റി തന്നെയാണല്ലോ.

ഈശ്വരൻ ഉണ്ടോ ഇല്ലയോ എന്ന് കൃത്യമായി നിശ്ചയിക്കാൻ നമുക്കൊന്നും ഒരു പക്ഷേ ഒരിക്കലും കഴിഞ്ഞെന്നു വരില്ല. പക്ഷേ അതെന്തായാലും ശരി, ശരീരത്തിലെ ജൈവരാസപ്രവർത്തനങ്ങളെ നിലക്ക് നിർത്താൻ ഭക്തി പോലുള്ള വികാരങ്ങൾക്ക് കഴിവുണ്ടെന്നതിൽ സംശയമില്ല തന്നെ. ഈശ്വരൻ ഉണ്ടെങ്കിലും ശരി, ഇല്ലെങ്കിലും ശരി, ഭക്തി ഒരു ഗുണമുള്ള പരിപാടിയാണെന്നതിൽ തർക്കമില്ല.

ശ്രീ. ഉണ്ണിമേനോന്റെ പാട്ട് കേൾക്കുമ്പോൾ നാം ഉണ്ണിമേനോനെ മറക്കുന്നു. ഉണ്ണിക്കൃഷ്ണനെ മാത്രമേ ഓർക്കുന്നുള്ളൂ. അതാണ്‌ ഗാനാലാപനം എന്ന കലയുടെ ഉദാത്തകോടി. മഹാകവി ജി പാടിയതുപോലെ.

" ഗാനമാണ് ഞാൻ ഓടത്തണടല്ല;
ജ്വലിക്കുന്ന നാളമാണ് ഞാൻ; പഴന്തുണി നൂൽത്തിരിയല്ല;
ഞാൻ അനശ്വരലയം വെളിച്ചം വിശ്വസ്പന്ദം! "

ആ ധന്യനിമിഷങ്ങളിൽ നമ്മുടെ ശരീരത്തിലെ കുഴപ്പം പിടിച്ച രാസവസ്തുക്കൾ സംസ്ക്കരിക്കപ്പെടുന്നു. നാം 'ആയുരാരോഗ്യസൌഖ്യ' ത്തിലേക്ക് മുന്നേറുന്നു. ഇതാണ് കലയുടെ രസതന്ത്രം. ഭക്തിയുടെ ബയോടെക്നോളജി.

ബ്ലോഗ്ഗറുടെ കുറിപ്പ് : ഈ പോസ്റ്റിന്റെ തീയതി കൃത്രിമമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആരോഹണ ക്രമം സൂക്ഷിക്കാൻ ഏകദേശം ഒരു തീയതി വച്ചു എന്ന് മാത്രം.

ഓണാഘോഷം 2001

കേരളകലാസമിതിയുടെ പഴയ ഫോട്ടോ ആൽബങ്ങളിൽ പരതിയപ്പോൾ കിട്ടിയവ. കൂടുതൽ ഫോട്ടോകൾക്കായി ഈ ലിങ്കിൽ പോകൂ.



ബ്ലോഗ്ഗറുടെ കുറിപ്പ് : ഈ പോസ്റ്റിന്റെ തീയതി കൃത്രിമമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആരോഹണ ക്രമം സൂക്ഷിക്കാൻ ഏകദേശം ഒരു തീയതി വച്ചു എന്ന് മാത്രം.