Monday 17 September 2012

ഓണാഘോഷത്തെ പറ്റിയുള്ള സംവാദം - സപ്തംബർ 12, 2012

കേരള കലാ സമിതി എക്സിക്ക്യൂട്ടിവ് കമ്മിറ്റി ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ഈ ചര്‍ചയിലൂടെ വേറിട്ട കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കുവാനും അറിയുവാനും അംഗീകരിക്കുവാനും സാധിച്ചു. ഇങ്ങനെ ഒരു ചര്‍ച്ച വേണമെന്നു സെപ്തംബര്‍ 3-നു നടന്ന എക്സിക്ക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിലാണു തീരുമാനിച്ചത്. ഓണം എത്രത്തോളം മതനിരപക്ഷത പുലര്‍ത്തുന്നുണ്ടെന്നും, കേരളം മുഴുവന്‍ ജാതിമതഭേദമന്യേ ആഘോഷിക്കപ്പെടുന്നുള്ളാ വാദം എത്രത്തോളം ശരിയാണെന്നു പരിശോധിക്കാനാണ് പ്രധാനമായും ഉദ്ദെശിച്ചിരുന്നത്.

ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന ചില അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ തുടങ്ങിയവ.
  • ജാതിമതഭേദമന്യേയാണ് ഓണം ആഘോഷിക്കപ്പെടുന്നത്. ഇത്തരം അനാവശ്യ ചര്‍ച്ചകള്‍ ഭിന്നതകള്‍ സൃഷ്ടിക്കും. ഐ. ഐ. റ്റിയിലെ മലയാളികളുടെ ഒരുമ നഷ്ടപ്പെടുമെന്നല്ലാതെ യാതൊന്നും ഇതില്‍ നിന്നു സംഭവിക്കാന്‍ പോകുന്നില്ല. വ്യക്തമായ ചില ഉദ്ദേശങ്ങളുളള ചില കൂട്ടങ്ങളാണു ഇങ്ങനെയുള്ള തെറ്റായ പ്രവണതകള്‍ കൊണ്ടുവരുന്നത്.
  • കേളത്തില്‍ ഇന്നെന്ത് നടക്കുന്നുവെന്ന് നോക്കിയാല്‍ പോരേ, എന്തിനു ഭൂതകാലമൊക്കെ അന്വെഷിക്കുന്നു? ദളിത് പുനര്‍വായനയും പ്രതിഷേധവും എന്നൊക്കെ പറയുന്നത് ദളിതുകള്‍ ഇല്ലാത്ത കേരളത്തില്‍ വാദങ്ങളേ അല്ല.
  • വിഷു പോലെ ഓണം ഒരു ഹിന്ദു ആഘോഷമല്ല. അതുമായി ബന്ധപ്പെട്ടു ചടങ്ങുകളോ അനുഷ്ഠാനങ്ങളോ ഹൈന്ദവക്ഷേത്രങ്ങളില്‍ ഇല്ല. എല്ലാ ഹോസ്റ്റ്ലുകളിലും മലയാളികള്‍ ഓണം ആഘോഷിക്കുന്നുണ്ട് .
  • മതപരമായ ചിഹ്നങ്ങളൊന്നും തന്ന ഇല്ല. നിലവിളക്കു വരെ അഹിന്ദുക്കളും പല ചടങ്ങുകളിലും ഉപയോഗിക്കാറുണ്ട്.
  • ഓണം എല്ലാ മലയാളികളുടേയും ഉത്സവമാണ്. മറുനാടന്‍ മലയാളികള്‍ക്കു ഒത്തുചേരാന്‍ ഉള്ള ഒരു വേദിയാണ് ഇത്. കേരളമെന്നോ ഓണമെന്നോ പുരാണങ്ങളിലൊന്നും പറഞ്ഞിട്ടില്ലാത്തതാണ്. ഐതീഹ്യങ്ങളും വാസ്തവും കൂട്ടിക്കലര്‍ത്തി വേറെ ഏതു രീതിയിലും ഇതിനെ വ്യാഖ്യാനിക്കാമല്ലോ!
  • ഓണം ആഘോഷിക്കുന്നതില്‍ നിന്ന് ചിലര്‍ മാറി നില്‍ക്കുന്നു എന്നൊരു കാരണതാല്‍ അതു വേണ്ടെന്നു വയ്ക്കുകയാണെങ്കില്‍, കേ. കേ, എസ്സിനെ എതിര്‍ക്കുകയും പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യുന്ന കുറേ പേരുണ്ടല്ലോ. ആ കാരണത്താല്‍ കേ. കേ. എസ്സു തന്നെ വേണ്ടാ എന്നു തീരുമാനിക്കേണ്ടി വരുമല്ലോ!
  • ഒരു മതത്തിനെപ്പറ്റിയും സ്വന്തം വിശ്വാസങ്ങളേയും ആചാരങ്ങളേയും അടിസ്ഥാനമാക്കി ആധികാരികമായി സംസാരിക്കാന്‍ ആര്‍ക്കും കഴിയില്ല. ഇതൊന്നും അചഞ്ചലമായ എഴുതപ്പെട്ടിട്ടുളളവയല്ല. ഒരു മതതിനെ പ്രതിനിധീകരിക്കുവാന്‍ ഒരൊറ്റ വിശ്വാസിക്കു കഴിയില്ല.
  • അഭിപ്രായവ്യത്യാസങ്ങള്‍ എല്ലാ സമൂഹത്തിലും ഉള്ളതാണ്. ഇതിനൊക്കെ തീര്‍ച്ച കല്‍പ്പിക്കാന്‍ ആകും. മലയാളി എന്ന വ്യക്തിത്വവുമായി തട്ടിനില്‍ക്കുന്ന ഒരുപാടു കാര്യങ്ങളുണ്ട്. ഇവയുടെയെല്ലാം സമ്മിശ്രതമായ, ചുരുങ്ങിയ ഒരു ആവിഷ്കരണമാണ് ഓണാഘോഷം - വേരുകളുമായുള്ള ബന്ധം നിലനിറുതാനുള്ള ഒരു എളുപ്പ വഴി.
  • കേരളത്തിലെ ജാതീയത പൂര്‍ണ്ണമായും മാറിയിട്ടില്ല. അടിച്ചമര്‍ത്തലിനെ പ്രതിനിധീകരിക്കുന്ന അംശങ്ങള്‍ ഇപ്പോഴും നാം നിലനിറുത്തുന്നുണ്ടോ എന്നു പരിശോദിക്കണം. സംസ്കാരം, പൈത്രകം എന്നിവയും മതങ്ങളും തമ്മില് വേര്‍തിരിക്കുവാന്‍ പ്രയാസമാണ്. ഒരു ഫ്യൂഡല്‍ സ്വഭാവം ഓണത്തിനുണ്ടെന്നു അംഗീകരിക്കാതെ വയ്യ! എന്തൊക്കെ വേണം വേണ്ട എന്നു തീരുമാനിക്കണം.
  • HCU, EFLU എന്നിവടങ്ങളിലെ മലയാളി അസോസിയേഷനുകള്‍ അവരുടെ ഓണാഘോഷങ്ങളില്‍ നിന്നും മതപരമായ സ്വഭാവം വച്ചു ചിഹ്നങ്ങളും വെജിറ്റേറിയന്‍ സദ്യയും നീക്കം ചെയ്യുവാനുള്ള ശ്രമങ്ങളുണ്ടായി. ദളിത് ആചാരങ്ങളെ താഴ്ത്തിക്കാട്ടാനുള്ള സവര്‍ണ മനോഭാവത്തിനോടുള്ള പ്രതിഷേധമായി ആയിരുന്നു ഈ നീക്കം. അടിച്ചമര്‍ത്തലിനെ ആഘോഷിക്കുന്ന ഒരു ഉത്സവമായാണ് ചിലര്‍ ഓണത്തെ കാണുന്നത്. 'ആരുടെ വിളവെടുപ്പുത്സവമാണ് നാം ആഘോഷിക്കുന്നത് ' എന്ന ചോദ്യം ഉയര്‍ന്നു വന്നു. KKS ഓണാഘോഷത്തിലെ ഓണസദ്യ കഴിക്കുന്നതില്‍ നിന്നും മാറിനില്‍ക്കുന്ന ആളുകള്‍ നമ്മുക്കിടയില്‍ തന്നെയുണ്ട്. അവരുടെ എതിര്‍പ്പുകളും പരാതികളും വകവയ്ക്കാതെയും വേദനിപ്പിചുമാണു ഇവിടെ ആഘോഷങ്ങള്‍ നടക്കുന്നത്. എല്ലാവരേയും ഉള്‍ക്കൊള്ളിക്കുന്ന രീതിയില്‍ മറ്റൊരു പേരില്‍ നടത്തുന്നതല്ലേ കൂടുതല്‍ ഉചിതം?
  • ഓണത്തിനു ഹൈന്ദവമായ ഘടകങ്ങളുണ്ട്. തൃക്കാക്കരയപ്പനെ ചുറ്റിയാണ് ഈ ആഘോഷം മുഴുവനും. മലയാളികള്‍ ഒത്തുകൂടുന്നത് നല്ലതു തന്നെ, പക്ഷെ ഈ ആഘോഷമനുബന്ധിചുള്ള മതപരമായ ചിഹ്നങ്ങളും മറ്റും ഒഴിവാക്കുന്നതാണ് കൂടുതല്‍ ഉചിതം. ഓണം കഴിഞ്ഞിട്ടിപ്പോള്‍ ഒരു മാസത്തിലേറെയായി. അതെ പേരില്‍ എന്തിനാഘോഷിക്കുന്നു? ചിലര്‍ വിട്ടുനില്‍ക്കുന്നതില്‍ വിഷമമുണ്ട്.
  • മലയാളികള്‍ ഒത്തു കൂടുന്നത് ഗൃഹാതുരത്വം എന്ന ഒരു കാരണത്താല്‍ മാത്രമാകരുത്. ഇതു പൊലെയുള്ള സംവാദങ്ങള്‍ വേണം. ഐതീഹ്യങ്ങള്‍ പലപ്പൊഴും ശുദ്ധ അസംബന്ധങ്ങളാണ്. കേരളവുമായി ബന്ധപെട്ടിരിക്കുന്നു എന്ന ഒരു കാരണം കൊണ്ടു മാത്രം എല്ലാ മലയാളികളും പങ്കെടുക്കുന്ന ഒന്നാണ് ഓണമെന്നെങ്ങനെ പറയാന്‍ പറ്റും? ഇതൊക്കെ ഒരുപാടു നാളായി പിന്തുടര്‍ന്നു വന്നവയാണെങ്കില്‍ അതിനെ ചോദ്യം ചെയ്യുകയും പുനര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്നതു നല്ലതാണ്. വ്യക്തിപരമായ വികാരങ്ങളേയും ഓര്‍മ്മകളേയും ഇത്തരം ചര്‍ച്ചകളില്‍ കൊണ്ടുവരികയാണെങ്കില്‍ തെറ്റേതു ശരിയേതെന്നു പറയാന്‍ പറ്റില്ല. മാറ്റം അനിവാര്യവും അത്യന്താപേക്ഷിതവുമാണെങ്കില്‍ ഈ ക്രിയകള്‍ ആവശ്യമാണ്. ഈ സംവാദമാണ് ജാതി-മത ഭിന്നതകള്‍ സൃഷ്ടിച്ചത് എന്നു പറയുന്നത് ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തലിനെതിരേ പോരാടിയ അംബേദ്കര്‍, ശ്രീനാരായണ ഗുരു മുതലായവരാണ് ജാതീയത ഉണ്ടാക്കിയതു എന്നു പറയുന്നതിന് തുല്യമാണ്.
  • ചര്‍ച്ചയ്ക്ക് ശേഷം അംഗങ്ങള്‍, ഇനിയെന്ത് ചെയ്യണംഎന്ന ധാരണയില്‍ എത്തിച്ചേര്‍ന്നു. അവ താഴെക്കൊടുത്തിരിക്കുന്നു. 
  • ഓഡ്-സെമസ്റ്ററിലുള്ള ഒത്തുചേരലിന്റെ പേര് ഓണാഘോഷമായി നിലനിര്‍ത്തുക.
  • നിലവിളക്ക് കുറച്ചു ഭാഗം ആള്‍ക്കാരുടെ മതപരമായ വികാരങ്ങളെ മുറിപ്പെടുതുന്നുള്ളതിനാല്‍ ഒഴിവാക്കും.
  • വെജിറ്റേറിയന്‍ സദ്യ വേണമോ അതോ നോണ്‍ വെജിറ്റേറിയന്‍ കൂടി ഒരു ഓപ്ഷനായി (അംഗങ്ങള്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം) നല്കണമോ എന്ന കാര്യം വോട്ടിനിടുകയുണ്ടായി. 41 - 30 എന്ന ഭൂരിപക്ഷത്തിന് വെജിറ്റേരിയന്‍ സദ്യ മാത്രം വിളമ്പിയാല്‍ മതി എന്ന തീരുമാനമെടുത്തു.
അടുത്ത എക്സിക്ക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിന് ശേഷം, ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ അറിയിക്കുന്നതായിരിക്കും.

ബ്ലോഗ്ഗറുടെ കുറിപ്പ് : ബന്ധപ്പെട്ട വിഷയത്തിലുള്ള ഒരു പഴയ പ്രസംഗശകലം - "ഓണാഘോഷത്തിന്റെ കാണാപ്പുറങ്ങൾ" -  പ്രൊഫ. സി. വിജയൻ.

No comments:

Post a Comment